2014, ഏപ്രിൽ 27, ഞായറാഴ്‌ച

ചക്ര വണ്ടി ..!!


                                      (ചിത്രം :സുനിൽ പൂക്കോട്) 


അടുത്ത വീട്ടിലെ അൻവറിനും ,സക്കീറിനുമൊക്കെ സ്വന്തമായി ചക്ര വണ്ടിയുണ്ട് .
സക്കീറിന്റെ വണ്ടിക്കു ഹോണും ലൈറ്റും ഉണ്ട് , അക്കാരണത്താൽ അവനു കുറച്ചു ഗമയും കൂടുതലാണ് , 
ഒരു റൌണ്ട് ഓടിക്കാൻ ചോദിച്ചാൽ അവൻ പുച്ഛത്തോടെ പറയും 'നീ ആദ്യം നിന്റെ ഉപ്പാന്റെ പീട്യയിൽ നിന്നും ഓരോ റൌണ്ടിനും ഓരോ നാരങ്ങമിട്ടായി വീതം കൊണ്ടുവാ"
അങ്ങിനെ കുറെ നാരങ്ങ മിട്ടായി അവൻ വായിലാക്കി , 

ഹോണ്‍ ആക്കി ഉപയോഗിച്ചിരുന്നത് "ഉജാലയുടെ കുപ്പി വെട്ടി,അതിന്റെ അടിഭാഗത്തുകൂടി ഒരു നൂലിട്ട് ഒരു ചെറിയ ആണികൊണ്ട് ചക്രവണ്ടിയുടെ തണ്ടിൽ ഉറപ്പിക്കും, എന്നിട്ട് നൂലിൽ മണ്ണണ്ണ തേക്കും ,അപ്പോൾ നൂല് വലിച്ചാൽ ഒരു ശബ്ദം വരുമായിരുന്നു.
അത് കണ്ടിട്ട് അൻവർ എന്റെ വീട്ടിലേയും,അവന്റെ വീട്ടിലേയും ഒഴിഞ്ഞ കുപ്പികൊണ്ട് ഹോണ്‍ ഉണ്ടാക്കാൻ നോക്കിയെങ്കിലും ശബ്ദം മാത്രം വരുന്നില്ല,

എനിക്കും ഒരാഗ്രഹം ഒരു വണ്ടി സ്വന്തമായി ഉണ്ടാക്കാൻ ,അതിനു ആത്യം വേണ്ടത് ഹവായി ചെരുപ്പുകളായിരുന്നു, എനിക്ക് മുന്നേ വാങ്ങിത്തന്ന ഹവായിചെരിപ്പ് തേഞ്ഞു നീലയും വെള്ളയും കളറുകൾ കൂടി ചേർന്ന രൂപത്തിലായിരുന്നു .
ഞാൻ അവരോടു കാര്യം പറഞ്ഞു ,അപ്പോൾ എന്നോട് പറഞ്ഞു 'നീ പഴയ സൈക്കളിന്റെ ടയർ വാങ്ങി ഉരുട്ടികളിച്ചോ ?
ഇങ്ങിനെയുള്ള വണ്ടിയൊന്നും സ്വന്തമാക്കാൻ നീ ആയില്ല.

എനിക്കും വാശിയായി,എങ്ങിനെയെങ്കിലും ഒരു വണ്ടിയുണ്ടാക്കി അവരുടെ മുന്നിലൂടെ ഹോണ്‍ മുഴക്കിഓടിച്ചു പോകണം.
പിന്നെയുള്ള അന്വേഷണം ഹവായിചെരുപ്പിനായിരുന്നു , 
ആയിടക്കാണ് വീടിനോട് ചേർന്ന് നിന്നിരുന്ന കോക്കനട്ട് ട്രീ വലിച്ചുകെട്ടാൻ ആളുവന്നുന്നത്.

കമ്പി ഉപയോഗിച്ച് മറ്റൊരു മരത്തിലേക്ക് വലിച്ചുകെട്ടി റ്റൈറ്റ്‌ ചെയ്യുന്നതിന് വീട്ടിലുള്ള പഴയചെരുപ്പുകളല്ലാം ഉപയോഗിച്ചകാരണം ആ പ്രതീക്ഷയും അവസാനിച്ചു.
ഉമ്മയും സഹോദരിമാരും വീട്ടിലിടുന്ന ചെരുപ്പ് കൊണ്ട് ചക്രം ഉണ്ടാക്കിയാൽ അവരെല്ലാം കൂടി സംഘം ചേർന്ന് എന്നെ ഉരുട്ടും എന്നറിയാവുന്നത് കൊണ്ട് ആ ദൌത്യത്യത്തിൽ നിന്നും പിൻമാറി.

എന്റെ സമപ്രായക്കാരനായ എളാപ്പാന്റെ മോനുമായി ഞാൻ കരാറിൽ ഒപ്പുവെച്ചു,അവൻ ചെരിപ്പ് സംഘടിപ്പിക്കും, പക്ഷെ അതുപോലെ ഒരു ചക്രവണ്ടി അവനും ഉണ്ടാക്കികൊടുക്കണം .
പിന്നെ മദ്രസയും സ്കൂളും വിട്ടുവരുമ്പോളൊക്കെ വഴിയിൽ പഴയ ചെരുപ്പുകലുണ്ടോ എന്നു നോക്കൽ പതിവായിരുന്നു.

അന്നൊക്കെ ചെരിപ്പിന്റെ വാറു പൊട്ടിയാലും ആളുകൾ പുതിയ വാറുകൾ വാങ്ങിയിടുന്ന കാരണം ചെരിപ്പ് കിട്ടാതായി.
അവസാനം എങ്ങിനെയോ കുറച്ചു ചെരിപ്പുകൾ അവൻ കൊണ്ടുവന്നു, 
ഞായറാഴ്ച ദിവസം വീട്ടുകാരുടെ ശ്രദ്ധയിൽ പെടാതെ പറമ്പിന്റെ ഒരറ്റത്ത് വെച്ച് ഞങ്ങൾ ചക്രം ഉണ്ടാക്കൽ തുടങ്ങി .
ഏകദേശം ഒരു വണ്ടിക്കുള്ള ചക്രം ഉണ്ടാക്കാനുള്ള ചെരിപ്പുള്ളൂ ...

ആദ്യമൊക്കെ ചക്രം വെട്ടുമ്പോൾ നമ്മുടെ രാജ്യത്തിന്റെ രൂപം വന്നെങ്കിലും പിന്നീട് ശരിയായി .
ചോണനുറുമ്പിന്റെ ആക്രമണം വകവയ്ക്കാതെ ഏകദേശം വണ്ടി ശരിയാക്കി.
അപ്പോൾ അവൻ പറഞ്ഞു , അവരെക്കാളും കൂടുതൽ ടയർ നമ്മുടെ വണ്ടിക്കു വേണം ,ഞാൻ ഇനിയും ചെരിപ്പ് കിട്ടുമോയെന്നു നോക്കിവരാമെന്നു പറഞ്ഞു പോയി .
അൽപ്പസമയത്തിനു ശേഷം അവൻ ഒരു ജോഡി അധികം പഴക്കമില്ലാത്ത ചെരുപ്പുമായി വന്നപ്പോൾ 'ഇതെവിടുന്നു ഒപ്പിച്ചു' എന്നുള്ള ചോദ്യത്തിന് അവൻ പറഞ്ഞു അതൊക്കെ ഉണ്ട് .നിന്നെ ഉമ്മ വിളിക്കുന്നു,വീട്ടിൽ ആരോ വന്നിട്ടുണ്ട് .
ഉം ,,, എന്നു മൂളി ഞാൻ ജോലിയിൽ മുഴുകി .

അവസാനം ഒരു വിധം വണ്ടി ശരിയായി, വിമാനം കണ്ടുപിടിച്ച "രൈറ്റ്" സഹോദരൻമാരെ പോലെ ഞങ്ങൾ കൂകി വിളിച്ചു തറയായില്ല .
അടുത്ത ലക്‌ഷ്യം ഉറുമ്പുകളുടെ ജില്ലാ സമ്മേളനം നടക്കുന്ന ഭാഗം ലക്യമാക്കി ഞാൻ വണ്ടിയുമായി കന്നിയാത്ര തുടങ്ങി.
എന്നെ ആക്രമിച്ചവരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു , ഞാൻ ആക്സിലെറ്റർ നന്നായി അമർത്തി അവരുടെ സമ്മേളന സ്ഥലത്ത് അങ്ങോട്ടും ഇങൊട്ടും ഓടിച്ചു കുറെ ശത്രുക്കളെ വകവരുത്തി വിജയീഭാവത്തിൽ വീട്ടിലേക്കു ചെല്ലുമ്പോൾ ഉമ്മയും സഹോദരിമാരും അമ്മാവനും മുറ്റത്ത് .
എന്തോ തിരയുകയാണെന്ന് മനസ്സിലായി , എന്നെ കണ്ടപാടെ അവർ ചോദിച്ചു " നീ മാമന്റെ ചെരുപ്പ് കണ്ടോ"
അത് കേട്ടപാടെ എളാപ്പാന്റെ മോൻ "എന്നെ ഉമ്മ വിളിക്കുന്നു എന്നു പറഞ്ഞു വീട്ടിലേക്കു ഓടി'

അപ്പോളാണ് അമ്മാവൻ എന്റെ ചക്ര വണ്ടിയിലേക്ക് ചൂണ്ടികൊണ്ട്‌ കൊണ്ട് പറഞ്ഞത് 'ഇനീ ചെരിപ്പ് അന്യെഷികേണ്ട, അതിവന്റെ ഉരുളിനു ചക്രമായി മാറി"
അത് കേട്ടപാടെ ഉമ്മ "നിനക്ക് ഞാൻ തരമാടാ" എന്നു പറഞ്ഞു എന്നെ പിടിക്കാൻ വന്നപ്പോൾ 110 സ്പീഡിൽ വണ്ടി ഉപേക്ഷിച്ചു ഞാനോടി,

ദൂരെ നിന്ന് ഞാൻ നോക്കുമ്പോൾ അമ്മാവൻ നഗ്നപാതനായി നടന്നു പോകുന്നു, എന്റെ വണ്ടി പീസ്‌ പീസാക്കി മുറ്റത്ത് നിന്നും പറമ്പിലേക്ക് വലിച്ചെറിഞ്ഞു അകത്തേക്ക് പോകുന്ന ഉമ്മയും .

1 അഭിപ്രായ(ങ്ങള്‍):

suji പറഞ്ഞു...

എത്ര ചക്രവണ്ടികള്‍, തീപ്പെട്ടിക്കൂടുകള്‍ , വളപ്പൊട്ടുകള്‍ ഈ അമ്മമാര്‍ ഒരു ദാക്ഷിണ്യം ഇല്ലാതെ നശിപ്പിച്ചിരിക്കുന്നു ...........അമ്മമാരെല്ലാം ഒരു യുണിയന്‍കാരാ......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.